ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇൻഡ്യ മുന്നണി കൂടുതൽ സജീവമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രാദേശിക പാർട്ടികളുടെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും കോൺഗ്രസിന്റെ ‘വല്യേട്ടൻ മനോഭാവം’ വിശാല പ്രതിപക്ഷ ഐക്യത്തിന് തടസമാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എം.വി. ഗോവിന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇൻഡ്യ മുന്നണിയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന സൂചനയും ലേഖനത്തിൽ ഉൾക്കൊള്ളുന്നുണ്ട്.
രാജ്യത്ത് ഹിന്ദുത്വ വർഗീയതയും ‘ബുൾഡോസർ രാജ്’ രാഷ്ട്രീയവും വലിയ സാമൂഹിക വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ഇൻഡ്യ മുന്നണിയുടെ പ്രസക്തി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ചില പ്രധാന കക്ഷികൾ മുന്നണിയുടെ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ്, ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരിക്കെ, മുന്നണി മര്യാദകൾ ലംഘിച്ച് ടിവികെയ്ക്ക് പിന്തുണ നൽകിയെന്നാണ് ഡിഎംകെയുടെ പരാതി. ഇതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ ഇൻഡ്യ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയിട്ടും കോൺഗ്രസിന് അധികാരം നഷ്ടമായെന്നും പാർട്ടിയുടെ രാഷ്ട്രീയ ശക്തി കുറഞ്ഞുവെന്ന യാഥാർഥ്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തണമെങ്കിൽ പ്രാദേശിക കക്ഷികളുടെ സ്വാധീനവും രാഷ്ട്രീയ യാഥാർഥ്യവും കോൺഗ്രസ് അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡ്യ മുന്നണി യോഗത്തിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആർജെഡി നേതാവ് തെഹാസ്വി യാദവും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എം.വി. ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
