ശബരിമല സ്വർണക്കൊള്ള കേസിൽ പുനരന്വേഷണം വേണമോയെന്ന വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും വ്യത്യസ്ത നിലപാടുകളുമായി രംഗത്ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നത്.
പത്മകുമാറിന്റെ ആരോപണങ്ങളിൽ പ്രത്യേകിച്ച് പുതിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ പുനരന്വേഷണം ആവശ്യമായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേസിലെ കുറ്റപത്രത്തിൽ ന്യൂനതകളോ പുതിയ വിവരങ്ങളോ കണ്ടെത്തുകയാണെങ്കിൽ തുടർ അന്വേഷണം പരിഗണിക്കാമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പത്മകുമാറിന്റെ വെളിപ്പെടുത്തലുകളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതനുസരിച്ച് അന്വേഷണം മുന്നോട്ടുപോകാമെന്നും മന്ത്രി സൂചിപ്പിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിൽ അവസാനഘട്ട തെളിവെടുപ്പാണ് നടക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. ദേവസ്വം രേഖകളിൽ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയത് മറ്റാരോ ആണെന്നും പിന്നീട് അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് പത്മകുമാറിന്റെ ആരോപണം.
കൂടാതെ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. യുവതീപ്രവേശന ദിവസം തനിക്കെയും എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം മാറ്റിനിർത്തിയെന്നും, പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നത വ്യക്തിയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ സംഭവങ്ങളും സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും പത്മകുമാർ അറിയിച്ചിട്ടുണ്ട്.
