പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി കെ.എം. ഷാജി രംഗത്ത്. സർക്കാർ തുടർച്ചയാണെന്നും മുൻ സർക്കാർ ഒപ്പുവെച്ച ചില കരാറുകളിൽ നിന്ന് ഉടൻ പിന്മാറാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് കേന്ദ്രം സമഗ്ര ശിക്ഷ കേരള (SSK) ഫണ്ട് അനുവദിച്ചതെന്നും, മുമ്പ് തടഞ്ഞുവെച്ചിരുന്ന എസ്.എസ്.കെ ഫണ്ട് പിന്നീട് ലഭിച്ചതായും ഷാജി പറഞ്ഞു. പിഎം ശ്രീ പദ്ധതി ഒരു മാസത്തിനകം മാറ്റുകയോ അവസാനിപ്പിക്കുകയോ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തായിരുന്ന കാലത്ത് പിഎം ശ്രീ പദ്ധതി ചവറ്റുകൊട്ടയിലേക്ക് എറിയുമെന്ന് താൻ നടത്തിയ പ്രസംഗത്തെക്കുറിച്ചും ഷാജി പ്രതികരിച്ചു. രാഷ്ട്രീയ പ്രസംഗങ്ങളിൽ വിവിധ പ്രയോഗങ്ങൾ ഉണ്ടാകാറുണ്ടെന്നും അതിനെ ഇപ്പോൾ പ്രത്യേക ചർച്ചാവിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരിൽ നിന്ന് കേരളം യാതൊരു പ്രത്യേക ആനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
കോടതിയെ സമീപിക്കുമെന്ന സാഹചര്യം രൂപപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം എസ്.എസ്.കെ ഫണ്ട് അനുവദിച്ചതെന്നും, അതിന് പിഎം ശ്രീ പദ്ധതിയുമായി ബന്ധമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. കേരളത്തിന് ലഭിച്ച 99.27 കോടി രൂപ സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായുള്ള ഫണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ യാതൊരു നടപടിക്രമവും ആരംഭിച്ചിട്ടില്ലെന്നും, ധാരണാപത്രത്തിൽ നിന്ന് പിന്മാറാൻ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ബിജെപിയുമായി രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണമെന്നും അദ്ദേഹം വിമർശിച്ചു.
