ബജറ്റ് ജനങ്ങളെ കളിയാക്കുന്നത്; ‘ഇന്ദിരാ ഗ്യാരണ്ടി’ എവിടെ? വി.ഡി. സതീശൻ സർക്കാരിനെതിരെ കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ. കേരളത്തിലെ ജനങ്ങളെ പൂർണമായും കളിയാക്കുന്നതാണ് ബജറ്റെന്നും, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളൊന്നും നടപ്പാക്കാനുള്ള വ്യക്തത ബജറ്റിലില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.

ബജറ്റ് കേവലം വാചകക്കസർത്ത് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതികളിൽ പ്രധാനമായി പ്രഖ്യാപിച്ചിരുന്ന നിരവധി വാഗ്ദാനങ്ങൾ ബജറ്റിൽ കാണാനില്ലെന്നും, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം എന്തായെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ആരോഗ്യ ഇൻഷുറൻസ് രംഗത്തും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ ‘വയോവന്ദൻ യോജന’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ തയ്യാറാകാത്ത സർക്കാർ, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുമ്പോഴും അതിനെ നേരിടാൻ ബജറ്റിൽ കാര്യമായ നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഏറെ പ്രചാരണം നൽകിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയെക്കുറിച്ചും ബജറ്റിൽ പരാമർശമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റുകളുടെ കാർബൺ കോപ്പി മാത്രമാണ് ഇപ്പോഴത്തെ ബജറ്റെന്നും അദ്ദേഹം പരിഹസിച്ചു.

ബജറ്റിലെ സാമ്പത്തിക വശങ്ങളെ ചോദ്യം ചെയ്ത് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമായ ബജറ്റാണെങ്കിലും അവ നടപ്പാക്കാൻ ആവശ്യമായ ധനസ്രോതസ്സ് എവിടെ നിന്നാണ് കണ്ടെത്തുകയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

കേരളം നിലവിൽ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ മുങ്ങിക്കിടക്കുകയാണെന്നും, ഈ സാഹചര്യത്തിൽ പ്രായോഗികതയില്ലാത്ത നിരവധി മോഹന വാഗ്ദാനങ്ങളാണ് ബജറ്റിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക യാഥാർഥ്യങ്ങളെ മറികടന്ന് ജനപ്രീതി ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിന്റെ മുഖമുദ്രയെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക