കേരള കാർഷിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഡോ. ടി. സജിത റാണിയെ നിയമിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ രംഗത്ത്. സംസ്ഥാന സർക്കാർ നിർദേശിച്ച പട്ടിക പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്നും ഇത് ജനാധിപത്യ വ്യവസ്ഥയുടെയും ഫെഡറൽ തത്വങ്ങളുടെയും ലംഘനമാണെന്നും മന്ത്രി ആരോപിച്ചു.
വി.സി നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും കോടതിയെ സമീപിക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും റോജി എം. ജോൺ വ്യക്തമാക്കി. സർവകലാശാലകളുടെ ഭരണാധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കെ, ചാൻസലർ പദവി ഉപയോഗിച്ച് കേന്ദ്രം അധികാരത്തിൽ കടന്നുകയറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കൃഷി മന്ത്രി ടി. സിദ്ദിഖ് ഗവർണറുടെ തീരുമാനത്തെ നേരിട്ട് തള്ളിക്കളയാൻ തയ്യാറായില്ല. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പേരുകൾ നിർദേശിച്ചതെങ്കിലും, സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് രാജ്ഭവന്റെ വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ നിർവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, ബിജെപി അധ്യാപക സംഘടനയുമായി ബന്ധമുള്ള ഡോ. ടി. സജിത റാണിയെ സർക്കാർ നൽകിയ പാനൽ മറികടന്ന് നിയമിച്ചത് അധികാര ദുർവിനിയോഗമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഗവർണറുടെ നടപടി ജനാധിപത്യ-ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമർശിച്ചു.
