വിഴിഞ്ഞത്ത് വിദേശ നിക്ഷേപത്തിന് നീക്കം; ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. ഇതുസംബന്ധിച്ച് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് സർക്കാരിന് ഔദ്യോഗിക അപേക്ഷ സമർപ്പിച്ചു. തുറമുഖ കമ്പനിയിലെ ഓഹരി കൈമാറ്റത്തിന് നിയമാനുസൃത അനുമതി നൽകണമെന്നാണ് അപേക്ഷയിലെ ആവശ്യം.

ആഗോള ഷിപ്പിങ് രംഗത്തെ പ്രമുഖ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എം.എസ്.സി)യും അദാനി പോർട്സും തമ്മിൽ 49 ശതമാനം ഓഹരി കൈമാറ്റം നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷ നൽകിയിരിക്കുന്നത്.

മുൻപ് അദാനി പോർട്സും എം.എസ്.സിയും തമ്മിൽ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായും ഇതുവഴി ഏകദേശം 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം വിഴിഞ്ഞം പദ്ധതിയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്ന്, ഇത്തരം നീക്കങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.

അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ പ്രാഥമിക തലത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കാം വാർത്തകൾ പ്രചരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ-പ്രവർത്തന കരാർ വ്യവസ്ഥകൾ പ്രകാരം ഓഹരി ഘടനയിൽ നിർണായകമായ മാറ്റങ്ങൾ വരുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി അനിവാര്യമാണ്. പദ്ധതിയിൽ സർക്കാരിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നും നിലവിലെ കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിലേക്ക് കൈമാറപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി സഭയിൽ ഓർമ്മിപ്പിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക