ജറുസലേം: ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
2006-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര്യം പറഞ്ഞത്. ഹിസ്ബുള്ള പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇസ്രായേലിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ ഞങ്ങളുടെ നയം വ്യക്തമാണ്. ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തുടർന്നും നിലയുറപ്പിക്കും,” കാറ്റ്സ് പറഞ്ഞു.
ലെബനനിലെ ഇസ്രായേൽ സൈനിക നടപടികൾക്കെതിരെ പ്രതികരിച്ചാൽ പൂർണ ശക്തിയോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും കാറ്റ്സ് ആവർത്തിച്ചു. ഇറാനും അതിന്റെ സഖ്യകക്ഷികൾക്കും എതിരെ “പൂർണ വിജയം” നേടാനുള്ള ശ്രമം തുടരുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമീപകാല പ്രസ്താവനയുമായി ഈ നിലപാട് യോജിക്കുന്നതാണ്.
അതേസമയം, അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ലെബനനിലെ ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ച പ്രധാന വ്യവസ്ഥകളിലൊന്ന്.
അതിർത്തി മേഖലയിലെ മാസങ്ങളായുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ലെബനൻ സർക്കാരും ഇസ്രായേലും അമേരിക്കയുടെ പിന്തുണയോടെയുള്ള ഒരു ചട്ടക്കൂട് കരാറിൽ അടുത്തിടെ ഒപ്പുവെച്ചിരുന്നു. എന്നാൽ, ഈ കരാർ ലെബനനിനുള്ളിൽ ഇസ്രായേലിന് കൂടുതൽ സൈനിക സ്വാതന്ത്ര്യം നൽകുന്നതാണെന്ന് ആരോപിച്ച് ഹിസ്ബുള്ള അതിനെ ശക്തമായി എതിർത്തു.
കരാറിനെതിരെ ബെയ്റൂട്ടിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
