അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. വിഷയത്തിൽ ബിജെപി രാജ്യത്തോട് വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂലൈ 5ന് മുംബൈയിലെ ദാദറിലുള്ള കബൂത്തർ ഖാന ഹനുമാൻ ക്ഷേത്രത്തിൽ ‘രാമ രക്ഷ’ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ ഹിന്ദുക്കളും പരിപാടിയിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി രാമരക്ഷാ സ്തോത്രം, ഹനുമാൻ സ്തോത്രം, ഹനുമാൻ ചാലിസ എന്നിവ പാരായണം ചെയ്യുമെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ താൻ നേരിട്ട് പരിപാടിക്ക് നേതൃത്വം നൽകുമെന്നും ഉദ്ധവ് വ്യക്തമാക്കി.
രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നേട്ടത്തിലാണ് ബിജെപി വളർന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതേ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളെക്കുറിച്ച് ഇപ്പോൾ അഴിമതി ആരോപണങ്ങൾ ഉയരുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായും മറ്റു പാർട്ടികളിൽ ഭിന്നത സൃഷ്ടിക്കാൻ വിനിയോഗിക്കുന്നതായും ഉയരുന്ന ആരോപണങ്ങൾ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദാദറിലെ പ്രതിഷേധം ഒരു തുടക്കമാത്രമാണെന്നും പിന്നീട് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും പ്രധാന രാമക്ഷേത്രങ്ങളിലും ഹനുമാൻ ക്ഷേത്രങ്ങളിലും സമാന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസത്തെ വഞ്ചിക്കുന്നവരോട് ഹിന്ദുസമൂഹം ക്ഷമിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
