‘ജയ് ശ്രീറാം’ പറഞ്ഞാൽ സിരി പ്രതികരിക്കുന്നില്ല; ആപ്പിളിനെതിരെ വിഎച്ച്പിയുടെ ഹിന്ദുവിരുദ്ധത ആരോപണം

ഐഫോണുകളിലെ വോയ്സ് അസിസ്റ്റന്റ് ഫീച്ചറായ ‘സിരി’ ഹിന്ദുക്കളുടെ മതവികാരങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സിരിയുടെ പ്രവർത്തനം ഹിന്ദുവിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണെന്നും ഇതിന് പിന്നിൽ വിവേചനപരമായ മനോഭാവമുണ്ടെന്നുമാണ് സംഘടനയുടെ ആരോപണം.

മധ്യപ്രദേശിലെ ഉജ്ജയിനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിഎച്ച്പി നേതാക്കൾ ആരോപിച്ചത്, സിരിയോട് “അസ്സലാമു അലൈക്കും” എന്ന് പറയുമ്പോൾ അത് “വ അലൈക്കുമുസ്സലാം” എന്ന് മറുപടി നൽകുന്നുണ്ടെങ്കിലും, “ജയ് ശ്രീറാം” അല്ലെങ്കിൽ “ജയ് ശ്രീ മഹാകാൽ” എന്ന് പറഞ്ഞാൽ പ്രതികരിക്കുന്നില്ല എന്നതാണ്. മാധ്യമപ്രവർത്തകരുടെ മുന്നിൽ ഐഫോൺ ഉപയോഗിച്ച് ഇത് പ്രദർശിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ കോടിക്കണക്കിന് ഹിന്ദുക്കൾ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഹിന്ദു വിശ്വാസങ്ങളോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു. സാങ്കേതികവിദ്യയുടെ മറവിൽ ഒരു മതത്തിന് മാത്രം മുൻഗണന നൽകുകയും മറ്റൊരു മതവിഭാഗത്തിന്റെ വികാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്നും അവർ ആരോപിച്ചു.

ഉജ്ജയിനിലെ ഹിന്ദുത്വ പ്രവർത്തകനും ജ്യോതിഷിയുമായ പവൻ പഥക് മാധ്യമങ്ങളോട് പറഞ്ഞത്, “ജയ് ശ്രീറാം പോലുള്ള വിശ്വാസപ്രകടനങ്ങൾക്ക് പ്രതികരിക്കാത്തത് ഹിന്ദുസമൂഹത്തോടുള്ള അനീതിയാണ്. ഒരു മതത്തിന് പ്രത്യേക പരിഗണന നൽകുകയും ഹിന്ദു ദേവീദേവന്മാരെ അവഗണിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല” എന്നായിരുന്നു.

വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയവും മധ്യപ്രദേശ് സർക്കാരും ഇടപെടണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. സിരിയിലെ ഈ പോരായ്മ ഉടൻ പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകളും വീഡിയോകളും പ്രചരിക്കുന്നുണ്ടെങ്കിലും, ആരോപണങ്ങളോട് ആപ്പിൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

മറുപടി രേഖപ്പെടുത്തുക