അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; നേപ്പാളിനും ചൈനയ്ക്കും കനത്ത മറുപടിയുമായി ഇന്ത്യ

നേപ്പാളുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിൽ ചൈന ഉൾപ്പെടെയുള്ള ഒരു മൂന്നാം കക്ഷിയുടെയും ഇടപെടൽ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം കർശനമായി വ്യക്തമാക്കി. ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ചൈനയുടെയും ബ്രിട്ടന്റെയും സഹായം തേടിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം.

അതിർത്തി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ഇന്ത്യയും നേപ്പാളും തമ്മിൽ ഇതിനകം തന്നെ ഔദ്യോഗിക ഉഭയകക്ഷി സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഓർമ്മിപ്പിച്ചു.

ഇന്ത്യ-നേപ്പാൾ അതിർത്തി തിരിക്കുന്നതിനെക്കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളും, തുടർന്ന് ഈ വിഷയത്തിൽ നേപ്പാൾ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയും ഇന്ത്യ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ലിപുലേഖ്, ലിംപിയാധുര, കാലാപാനി തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങളെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ചൈന അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ ലിപുലേഖ് ചുരം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് അതീവ നിർണ്ണായകമാണ്.

പ്രശസ്തമായ കൈലാസ മാനസസരോവർ തീർത്ഥാടനത്തിനും ഇരുരാജ്യങ്ങൾക്കിടയിലെ പ്രധാന വ്യാപാരങ്ങൾക്കുമുള്ള പ്രധാന പാതയാണ് ലിപുലേഖ് ചുരം എന്നതും ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പാകിസ്താനും യൂറോപ്യൻ യൂണിയനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ അനാവശ്യ പരാമർശങ്ങളെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായി തള്ളിപ്പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള സംയുക്ത പത്രക്കുറിപ്പിലെ പരാമർശങ്ങൾ ഒരിയ്ക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ജമ്മു കശ്മീരും ലഡാക്കും എന്നും ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഘടകങ്ങളാണ്. ഈ വിഷയങ്ങളിൽ യാതൊരുവിധ അവകാശവുമില്ലാത്ത വിദേശ ശക്തികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് കടുത്ത ഭാഷയിൽ താക്കീത് നൽകി.

മറുപടി രേഖപ്പെടുത്തുക