മഹാരാഷ്ട്ര ആവർത്തിക്കുമോ ബംഗാളിൽ; മമതയെ വീഴ്ത്താൻ അണിയറ നീക്കങ്ങൾ; കലുഷിതമായി പശ്ചിമ ബംഗാൾ രാഷ്ട്രീയം

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വനിതാ നേതാക്കളിൽ ഒരാളായ മമത ബാനർജിയുടെ സിംഹാസനം ഇളകുകയാണോ?. പശ്ചിമ ബംഗാളിൽ നിന്നും പുറത്തുവരുന്ന രാഷ്ട്രീയ വാർത്തകൾ വിരൽ ചൂണ്ടുന്നത് അങ്ങോട്ടേക്കാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ അധികാരം പിടിച്ചതിന് സമാനമായ ഒരു ‘ഓപ്പറേഷൻ’ ബംഗാളിലും ആവർത്തിക്കുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ ശക്തമാണ്.

സമീപകാല തിരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത പരാജയവും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളുമാണ് മമതയുടെ കോട്ടയ്ക്ക് വിള്ളൽ വീഴ്ത്തുന്നത്. പാർട്ടിയിൽ ഭിന്നത രൂക്ഷമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. പാർട്ടി മേധാവി മമത ബാനർജി വിളിച്ചുചേർത്ത അതിപ്രധാനമായ ഒരു യോഗം മതിയായ അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നു. ആകെയുള്ള 80 എം.എൽ.എമാരിൽ വെറും 20 പേർ മാത്രമാണ് യോഗത്തിനെത്തിയത്.

ഇതിന് തൊട്ടുപിന്നാലെ, ജൂൺ 1-ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചുകൊണ്ട് മുതിർന്ന നേതാക്കളായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ രണ്ട് എം.എൽ.എമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കി. എന്നാൽ ഈ നടപടി പാർട്ടിയിലെ അതൃപ്തി ഇരട്ടിയാക്കുകയാണ് ചെയ്തത്. പാർട്ടിയെ ചില വ്യക്തികൾ ചേർന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് പുറത്താക്കപ്പെട്ട നേതാക്കളുടെ പ്രധാന ആരോപണം.

തൃണമൂൽ കോൺഗ്രസ് വ്യക്തമായ ഒരു പിളർപ്പിലേക്കാണ് നീങ്ങുന്നതെന്ന് മുൻ ടി.എം.സി നേതാവും നിലവിലെ ബി.ജെ.പി മന്ത്രിയുമായ തപസ് റായ് വിലയിരുത്തുന്നു. അണിയറയിൽ വലിയൊരു നീക്കം തന്നെ നടക്കുന്നുണ്ടെന്നാണ് സൂചന.

ഔദ്യോഗിക പാർട്ടി ചിഹ്നം കൈക്കലാക്കാനായി ഏകദേശം 50-ഓളം വിമത എം.എ.ൽഎമാർ ഒന്നിച്ചണിനിരക്കാനുള്ള സാധ്യതകൾ സജീവമാണ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് പാർട്ടിയുടെ നിയന്ത്രണം മമതയിൽ നിന്ന് പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നിനെ നേരിടുന്ന മമത ബാനർജി ഒട്ടും പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി തെരുവിലിറങ്ങി കഴിഞ്ഞു. കൊൽക്കത്തയിൽ തൃണമൂൽ പ്രവർത്തകർക്ക് നേരെ വ്യാപക അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് അവർ ഒരു വൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

“ഞാൻ ഒന്നുകിൽ പോരാടും, അല്ലെങ്കിൽ മരിക്കും,” എന്നായിരുന്നു ധർണ്ണാ വേദിയിൽ മമതയുടെ സിംഹഗർജ്ജനം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണകൂടം പണം ഒഴുക്കിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പാർട്ടിയെ തകർക്കാൻ ബോധപൂർവ്വം ഗൂഢാലോചന നടത്തുകയാണെന്നും മമത പരസ്യമായി കുറ്റപ്പെടുത്തി.

ബംഗാളിന്റെ രാഷ്ട്രീയ ഗതി ഇനി എങ്ങോട്ടായിരിക്കും? മമത ബാനർജി തന്റെ അസാധാരണമായ പോരാട്ടവീര്യത്തിലൂടെ പാർട്ടിയെ കാത്തുരക്ഷിക്കുമോ, അതോ മഹാരാഷ്ട്രയിലെപ്പോലെ വിമതർ കസേര പിടിച്ചെടുക്കുമോ? രാജ്യം ഉറ്റുനോക്കുകയാണ് ബംഗാളിലെ ഈ രാഷ്ട്രീയ നാടകങ്ങളിലേക്ക്.

മറുപടി രേഖപ്പെടുത്തുക