‘കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി’; സർക്കാരിനെതിരെ എ.എ. റഹീമിന്റെ രൂക്ഷ വിമർശനം

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി. “കടകൾ നിറയെ ബക്കാർഡിയും കടൽ നിറയെ അദാനിയുമാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം” എന്ന് അദ്ദേഹം വിമർശിച്ചു.

കെ.സി. വേണുഗോപാലിന്റെ അദാനി വിഷയത്തിലെ പ്രസ്താവനയിൽ ആത്മാർഥതയുണ്ടോയെന്ന് ചോദിച്ച റഹീം, “അദാനിക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമേ സൂപ്പർ സർക്കാർ ആവാൻ കഴിയൂ” എന്ന കെ.സി.യുടെ പരാമർശം ചൂണ്ടിക്കാട്ടി. “കേരളം ഭരിക്കുന്നത് ബിജെപിയാണോ?” എന്ന ചോദ്യം ഇപ്പോൾ കേരളത്തിലെ ജനങ്ങൾ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ദേശീയതലത്തിൽ അദാനിക്കെതിരെ പോരാട്ടം നടത്തുമ്പോൾ കേരളത്തിൽ നടക്കുന്ന കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും റഹീം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മംഗളൂരു യാത്രയെ ചുറ്റിപ്പറ്റി നിരവധി സംശയങ്ങൾ ഉയരുന്നുണ്ടെന്നും, ആ യാത്രയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കോൺഗ്രസ് അധ്യക്ഷനെ ആദ്യം സന്ദർശിക്കുന്ന പതിവ് വി.ഡി. സതീശൻ ലംഘിച്ചുവെന്നും, പകരം അദാനി ഗ്രൂപ്പിന്റെ തലവനെ കാണാനാണ് ആദ്യം പോയതെന്നുമാണ് റഹീമിന്റെ ആരോപണം. കോൺഗ്രസിനുള്ളിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളെ പോലും മറികടക്കാൻ കഴിയുന്ന ഒരു ‘പവർ ഗ്രൂപ്പ്’ രൂപപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇന്ദിരാഭവന്റെ താൽപര്യങ്ങൾക്കനുസരിച്ചല്ലെന്നും, മറിച്ച് “മാരാർ ഭവന്റെ താൽപര്യങ്ങൾക്കനുസരിച്ചാണ്” കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും റഹീം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക