വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; സർക്കാർ അനുമതിക്ക് ശേഷം മാത്രം നടപടികളെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ മുൻകൂർ അനുമതിയുൾപ്പെടെ ആവശ്യമായ എല്ലാ നിയമപരവും ഔദ്യോഗികവുമായ അംഗീകാരങ്ങൾ ലഭിച്ചതിന് ശേഷമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂവെന്ന് കമ്പനി വ്യക്തമാക്കി.

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ അറിയാതെ സെബിയെ അറിയിച്ചെന്ന ആരോപണവും കമ്പനി തള്ളി. ലിസ്റ്റ് ചെയ്ത കമ്പനികൾ പാലിക്കേണ്ട സെബി ചട്ടങ്ങൾ പ്രകാരമാണ് ആദ്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ വിവരം അറിയിച്ചതെന്നും, അതിന് പിന്നാലെ കേരള സർക്കാരിനെ ഔദ്യോഗികമായി വിവരമറിയിച്ചെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷ ആശങ്കകളും കമ്പനി നിഷേധിച്ചു. തുറമുഖം ‘ഓപ്പൺ ആക്സസ്’ മാതൃകയിൽ തന്നെ പ്രവർത്തിക്കുമെന്നും എംഎസ്‌സിക്ക് പ്രത്യേക മുൻഗണനയോ എക്സ്ക്ലൂസീവ് ബെർത്തിങ് അവകാശങ്ങളോ നൽകില്ലെന്നും അദാനി പോർട്ട്സ് അധികൃതർ വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്കും തുല്യ അവസരവും പരിഗണനയും തുടരുമെന്നും അവർ അറിയിച്ചു.

അതേസമയം, നിലവിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടനയിൽ ഉടൻ മാറ്റമുണ്ടാകില്ലെന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ സി.ഇ.ഒ അശ്വനി ഗുപ്ത വ്യക്തമാക്കി. ഓഹരി കൈമാറ്റം സംബന്ധിച്ച എല്ലാ നടപടികളും നിയമപരമായ അനുമതികൾക്ക് ശേഷമേ നടപ്പാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക