വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി. സിദ്ദിഖ് കർശന നിർദേശം നൽകി. കള്ളാടി തുരങ്ക നിർമാണ സ്ഥലത്ത് ഉണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ശാസ്ത്രീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വലിയ തോതിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതെന്ന ആശങ്ക പ്രദേശവാസികൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ അപകടസാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മണ്ണ് ഉടൻ നീക്കം ചെയ്യാത്ത പക്ഷം കള്ളാടിയിലെ മണ്ണിടിച്ചിലിന് സമാനമായ ഗുരുതര ദുരന്തസാധ്യത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിർദേശം അവഗണിച്ചാൽ കമ്പനിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് നിർബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
