ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയത്; പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചു.

വിഴിഞ്ഞം തുറമുഖ എം.ഡിയായിരിക്കെ ദിവ്യ എസ്. അയ്യർ അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകിയിരുന്നുവെന്നും, അതിന് പിന്നാലെയാണ് അവരെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

“ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയത്. ദീർഘകാലമായി ഒരേ സ്ഥാനത്ത് തുടരുന്ന നിരവധി ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല,” മുഖ്യമന്ത്രി പറഞ്ഞു.

ദിവ്യ എസ്. അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന കാര്യം തനിക്ക് അറിയില്ലെന്നും, സർക്കാർ വകുപ്പുകളിലെ മേധാവികൾ ആർക്കൊക്കെ നോട്ടീസ് നൽകുന്നുവെന്ന് അന്വേഷിക്കുന്നത് തന്റെ ജോലിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സി.പി.എം ഉയർത്തുന്ന ആരോപണങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. “സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം വിഷയത്തിൽ എന്താണ് കാര്യം? എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ മാറ്റങ്ങൾ രാഷ്ട്രീയ വിവാദമായി മാറുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക