2026 ഫിഫ ലോകകപ്പിലെ അർജന്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അവസാന നിമിഷങ്ങളിലെ തകർപ്പൻ തിരിച്ചുവരവിലൂടെ അർജന്റീന 3-2 ന് വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങളും തുടർന്ന് നടന്ന സംഭവവികാസങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മത്സരത്തിനിടെ അർജന്റീന നായകൻ മെസ്സിയും ഈജിപ്ത് മുഖ്യപരിശീലകൻ ഹൊസം ഹസ്സനും തമ്മിൽ വാക്കുതർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഹസ്സൻ കൈകൾ കൊണ്ട് ‘എക്സ്’ ആംഗ്യം കാണിച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്.
ഫിഫയുടെ വിവേചനവിരുദ്ധ പ്രചാരണങ്ങളിൽ വംശീയ അധിക്ഷേപമോ വിവേചനപരമായ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ചിഹ്നവുമായി ഈ ആംഗ്യത്തിന് സാമ്യമുണ്ടെന്നാണ് ചിലരുടെ വിലയിരുത്തൽ. ഇതോടെ മെസിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിവിധ തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നു. എന്നാൽ സംഭവത്തിന്റെ വീഡിയോയിൽ ശബ്ദമില്ലാത്തതിനാൽ മെസി എന്താണ് പറഞ്ഞതെന്നതിൽ വ്യക്തതയില്ല.
ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി സമർപ്പിച്ചിട്ടുണ്ടെന്നോ ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നോ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരാതി ലഭിക്കുകയും അന്വേഷണത്തിൽ നിയമലംഘനം തെളിയുകയും ചെയ്താൽ മാത്രമേ തുടർനടപടികൾ ഉണ്ടാകൂ.
അതേസമയം, മത്സരശേഷം റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഹൊസാം ഹസ്സൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഈജിപ്ത് താരം മൊസ്തഫ സിക്കോ നേടിയ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റദ്ദാക്കിയതും, തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി അനുവദിക്കാത്തതുമാണ് മത്സരഫലത്തെ ബാധിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
“ഇന്ന് സംഭവിച്ചത് നീതിപൂർവമല്ല. ഞങ്ങൾ 3-1ന് മുന്നിലെത്തേണ്ട മത്സരമാണ് 2-2 ആയി മാറിയത്. ലോകകപ്പ് ജേതാക്കളായ അർജന്റീനയെയും മെസിയെയും ടൂർണമെന്റിൽ നിലനിർത്താനുള്ള ശ്രമം നടന്നതുപോലെയാണ് തോന്നുന്നത്,” എന്നാണ് ഹസ്സന്റെ പ്രതികരണം.
റഫറിയിങ് തീരുമാനങ്ങളെയും വാർ ഇടപെടലുകളെയും ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ, അർജന്റീനയുടെ വിജയം ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
