തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയടിവികെ മുൻ ഡിഎംകെ ഭരണകാലത്ത് അനുവദിച്ച കരാറുകളും പദ്ധതികളും വ്യാപക പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പിൽ പരിഗണനയിലായിരുന്ന അഞ്ച് പ്രധാന ടെൻഡറുകൾ കൂടി റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു.
ഭരണപരമായ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായാണ് നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. റദ്ദാക്കിയ പദ്ധതികൾക്ക് പകരമായി പുതിയ ടെൻഡറുകൾ ഉടൻ ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിവിധ വകുപ്പുകളിലെ പദ്ധതികളും കരാറുകളും വിശദമായി വിലയിരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മുൻ ഭരണകാലത്ത് അംഗീകരിച്ച പദ്ധതികളുടെ സാമ്പത്തികവും ഭരണപരവുമായ വശങ്ങൾ പരിശോധിച്ചുവരികയാണ്.
നേരത്തെ ചെന്നൈ കോർപ്പറേഷൻ പരിധിയിലെ അഡയാർ, ബസന്റ് നഗർ, പെരിയമേട്, കിൽപോക്ക്, മൈലാപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലെ നടപ്പാത നിർമാണത്തിനായി അനുവദിച്ച 284 കോടി രൂപയുടെ 35 ടെൻഡറുകൾ സർക്കാർ റദ്ദാക്കിയിരുന്നു. കൂടാതെ, സംസ്ഥാനത്തേക്ക് 500 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡറും പുനഃപരിശോധനയുടെ ഭാഗമായി റദ്ദാക്കിയിരുന്നു.
ഇതോടെ ഡിഎംകെ ഭരണകാലത്ത് അനുവദിച്ച പ്രധാന പദ്ധതികളിൽ കൂടുതൽ മാറ്റങ്ങൾ വരാനിടയുണ്ടെന്ന സൂചനയാണ് പുതിയ നടപടികൾ നൽകുന്നത്.
