കാണാതായ പാകിസ്ഥാൻ ചരക്ക് വിമാനം അറബിക്കടലിൽ തകർന്നുവീണോ?

ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാകിസ്ഥാൻ ചരക്ക് വിമാനം അഞ്ച് ജീവനക്കാരുമായി കാണാതായി. അറേബ്യൻ കടലിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പാകിസ്ഥാൻ അധികൃതർ വിവിധ ഏജൻസികളുടെ സഹകരണത്തോടെ കടലിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു.

പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ വിവരങ്ങൾ പ്രകാരം, സ്വകാര്യ കമ്പനിയായ കെ2 എയർവേയ്‌സിന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് 737-400 ചരക്ക് വിമാനം പാകിസ്ഥാൻ സമയം രാത്രി 9.18-നാണ് നാവിഗേഷൻ സംവിധാനത്തിലെ തകരാർ കറാച്ചി എടിസിയെ അറിയിച്ചത്. വിമാനത്തെ സുരക്ഷിതമായി നയിക്കാൻ ശ്രമിക്കുന്നതിനിടെ ഏതാനും മിനിറ്റുകൾക്കകം റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമായി.

കറാച്ചിയിൽ നിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറായി ബലൂചിസ്ഥാനിലെ ഒർമാര തീരപ്രദേശത്തിന് സമീപമാണ് വിമാനം അവസാനമായി കണ്ടെത്തിയത്. പ്രമുഖ വിമാന നിരീക്ഷണ സ്ഥാപനമായ ‘ഫ്ലൈറ്റ് റാഡാർ 24’യുടെ പ്രാഥമിക വിശകലനത്തിൽ, വിമാനം പലതവണ ഉയരം നഷ്ടപ്പെടുകയും വീണ്ടും ഉയരുകയും ചെയ്തതിന് പിന്നാലെ പെട്ടെന്ന് താഴേക്ക് പതിച്ചതായാണ് സൂചന.

സമ്പർക്കം നഷ്ടപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,100 അടി ഉയരത്തിലായിരുന്നുവെന്നും അസാധാരണ വേഗത്തിൽ താഴേക്ക് ഇറങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ വിമാനം നിയന്ത്രണം വിട്ട് തകർന്നുവീണിരിക്കാമെന്ന സാധ്യത ശക്തമായിട്ടുണ്ട്.

കാണാതായ വിമാനം 27 വർഷം പഴക്കമുള്ള ബോയിംഗ് 737-400 മോഡലാണ്. 1999-ൽ യാത്രാവിമാനമായി സർവീസ് ആരംഭിച്ച ഇത് 2012-ൽ ചരക്ക് വിമാനമാക്കി മാറ്റിയിരുന്നു. 2024-ലാണ് കെ2 എയർവേയ്‌സ് ഈ വിമാനം സർവീസിൽ ഉൾപ്പെടുത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കും അഞ്ച് ജീവനക്കാർക്കുമായി കടലിൽ തിരച്ചിൽ തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക