എഐയുടെ ആഘാതം; എക്‌സ്‌ബോക്സിൽ 3,200 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം

കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ വ്യാപനം തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനിടെ, മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗമായ എക്‌സ്‌ബോക്സിൽ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഏകദേശം 20 ശതമാനം പേരെ ഒഴിവാക്കുമെന്ന് എക്‌സ്‌ബോക്സ് സിഇഒ ആശ ശർമ്മ അറിയിച്ചു.

ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ, അടുത്ത ഒരു വർഷത്തിനുള്ളിൽ ഏകദേശം 3,200 പേരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എഐ അധിഷ്ഠിത പുനഃസംഘടനയുടെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

കമ്പനിയുടെ ബിസിനസ് പ്രകടനം തൃപ്തികരമല്ലെന്നും പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് എക്‌സ്‌ബോക്സ് വിഭാഗത്തെയാണെന്നും സിഇഒ അറിയിച്ചു. ആദ്യഘട്ടമായി 1,600 ജീവനക്കാരെ തിങ്കളാഴ്ച തന്നെ പിരിച്ചുവിടുമെന്നും ബാക്കിയുള്ളവരെ 2027 സാമ്പത്തിക വർഷത്തോടെ ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനൊപ്പം, എക്‌സ്‌ബോക്സിന് കീഴിലുള്ള നാല് ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകളിലേക്കുള്ള നിക്ഷേപം പിൻവലിക്കാനും മറ്റൊരു സ്റ്റുഡിയോ കൂടി അടച്ചുപൂട്ടാനുള്ള ആലോചനയിലാണെന്നും കമ്പനി സൂചിപ്പിച്ചു. എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടനുബന്ധിച്ച് ആഗോള ടെക് മേഖലയിൽ തുടരുന്ന തൊഴിൽ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക