എത്തനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ തള്ളി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി . എത്തനോൾ നയം കൊണ്ട് തനിക്ക് വ്യക്തിപരമായ സാമ്പത്തിക നേട്ടമൊന്നുമില്ലെന്നും, എത്തനോൾ കലർന്ന ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നുവെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ കുടുംബത്തിന്റെ പഞ്ചസാര വ്യവസായം എത്തനോൾ നയത്തേക്കാൾ പഴക്കമുള്ളതാണെന്നും, രാജ്യത്തെ ആകെ എത്തനോൾ ഉൽപ്പാദനത്തിൽ തന്റെ പങ്ക് വെറും 0.07 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ നയത്തിലൂടെ വ്യക്തിപരമായ ലാഭം നേടുന്നുവെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ എത്തനോൾ നയം ഒരു വ്യക്തി തീരുമാനിക്കുന്നതല്ലെന്നും, പെട്രോളിയം മന്ത്രാലയം, കേന്ദ്ര മന്ത്രിസഭ, ശാസ്ത്രീയ പഠനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചതെന്നും ഗഡ്കരി വിശദീകരിച്ചു. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും എത്തനോൾ ഉൾപ്പെടെയുള്ള ബദൽ ഇന്ധനങ്ങൾ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
എത്തനോൾ കലർന്ന ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾ കേടായതായി പറയുന്നവർ ഔദ്യോഗികമായി പരാതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. എത്തനോൾ കാരണം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച രണ്ട് വ്യക്തികളുടെ പേരെങ്കിലും ചൂണ്ടിക്കാണിക്കാമോയെന്നും അദ്ദേഹം ചോദിച്ചു.
മാരുതി, സുസുക്കി, ടയോട്ട , ടാറ്റ, മഹിന്ദ്ര തുടങ്ങിയ വാഹന നിർമാതാക്കളിൽ നിന്ന് എത്തനോൾ മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ടൊയോട്ട വാഹനവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ പ്രശ്നത്തിന് കാരണം വെള്ളത്തിന്റെ സാന്നിധ്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക, ബ്രസീൽ, ജർമ്മനി, ജപ്പാൻ, തായ്‌ലൻഡ്, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങൾ എത്തനോൾ ഇന്ധന നയം പിന്തുടരുന്നുണ്ടെന്നും, ഇന്ത്യയുടെ നയം പുതിയ പരീക്ഷണമല്ലെന്നും ഗഡ്കരി വ്യക്തമാക്കി. എത്തനോൾ നയത്തെ അപകീർത്തിപ്പെടുത്താനും തന്നെ വ്യക്തിപരമായി ലക്ഷ്യമിടാനുമുള്ള ശ്രമങ്ങളാണ് ചില ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
