വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. അന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച കോടതി, ഇത് അവസാന അവസരമാണെന്നും വ്യക്തമാക്കി.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി സമർപ്പിച്ച ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ കൂടുതൽ സമയം തേടി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി.എസ്. ശശിധരനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. അന്വേഷണ പുരോഗതിയിൽ കോടതി തന്നെ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം.എസ്. അനിൽ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ വെള്ളാപ്പള്ളിയെ പ്രതിയാക്കിയ ഒരു കേസിന്റെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ടെങ്കിലും, മറ്റ് ഭാഗങ്ങളിലെ അന്വേഷണത്തിൽ കാലതാമസം തുടരുകയാണ്. നേരത്തെയും കേസ് അന്വേഷണം വൈകുന്നതിനെതിരെ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തിരുന്നു. 2016-ൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
