വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു. വിഷയത്തിൽ മന്ത്രിസഭ ചർച്ച നടത്തിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോർട്ടിന്റെ ഓഹരിയല്ല കൈമാറുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും ആ വാദത്തിന്റെ അർഥം മനസ്സിലാകുന്നില്ലെന്ന് തോമസ് ഐസക് പറഞ്ഞു. യഥാർത്ഥത്തിൽ വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികളാണ് കൈമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ സിഇഒ ചുമതലയേൽക്കുമ്പോഴേ ഇക്കാര്യം അറിയാനാകൂ എന്ന വിശദീകരണത്തിനും യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വിമർശിച്ചു. എം.എസ്.സി പോലൊരു വലിയ അന്താരാഷ്ട്ര കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് എതിർപ്പില്ലെങ്കിലും, വിഴിഞ്ഞം പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനോടാണ് തങ്ങളുടെ എതിർപ്പെന്നും തോമസ് ഐസക് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് തുറമുഖം ഉൾപ്പെടെ മൂന്ന് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തെക്കുറിച്ച് അറിവില്ലെന്ന് പറയുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ ആവശ്യമായ പഠനം നടത്തിയിട്ടില്ല, അല്ലെങ്കിൽ അദാനി ഗ്രൂപ്പിന് വേണ്ടി കാര്യങ്ങൾ നല്ലപോലെ പഠിച്ചു എന്ന് കരുതേണ്ടിവരുമെന്നും തോമസ് ഐസക് വിമർശിച്ചു. വിഷയത്തിൽ അറിവില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് മുൻപ് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത് അദാനിയെ സന്ദർശിച്ചതിന്റെ കാരണം എന്താണെന്നും തോമസ് ഐസക് ചോദിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന നടപടികളെല്ലാം നിലവിലുള്ള കരാറുകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
