ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപം ആക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ നേരത്തെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്.
അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹറിന്റെ റിപ്പോർട്ട് പ്രകാരം, സൈനിക-സിവിലിയൻ മേഖലകൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളാണ് ആക്രമണത്തിന് ഇരയായത്. ബുഷെഹർ നഗരത്തിലെ ആണവ നിലയത്തിന് സമീപവും അസലുയെ നഗരത്തിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്തും ആക്രമണം നടന്നതായാണ് റിപ്പോർട്ട്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബുഷെഹർ പ്രവിശ്യയിലെ ഉദ്യോഗസ്ഥനായ എഹ്സാൻ ജഹാനിയൻ അറിയിച്ചു. ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട ഏജൻസികളുടെ റിപ്പോർട്ടുകൾ ലഭിച്ച ശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിൽ യുഎസിന്റെ പങ്ക് സംബന്ധിച്ച റിപ്പോർട്ടുകൾക്ക് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
ഇതിനിടെ, കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മഷ്ഹദിൽ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഖമേനിയുടെ മൃതദേഹം ഇമാം റെസാ ദർഗയിലേക്ക് കൊണ്ടുപോയി.
ഒരു വശത്ത് ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുമ്പോഴും മറുവശത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ വീണ്ടും ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാന നിയന്ത്രണവും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചാത്തലമാക്കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും സങ്കീർണമാകുന്നതായാണ് വിലയിരുത്തൽ.
