ജി. സുകുമാരൻ നായർക്കെതിരെ ബിജെപി പ്രചാരണമില്ല; എൻഎസ്എസിനെ ബഹുമാനിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ബിജെപി നിലപാട് സ്വീകരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സത്യവിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ വ്യക്തമാക്കി. എൻഎസ്എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബിജെപി ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഭാവിയിലും അത്തരം ഇടപെടലുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിലെ ശക്തമായ സമുദായ സംഘടനകളിലൊന്നായ നായർ സർവീസ് സൊസൈറ്റിയെയും അതിന്റെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും ബിജെപി ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ കേരളത്തിലെത്തിയ സമയത്ത് തനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നൽകിയ വ്യക്തിയാണ് സുകുമാരൻ നായരെന്നും അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് നായർ സമുദായാംഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് എൻഎസ്എസ്. രാജ്യത്തെ ഭരണകക്ഷിയായ ബിജെപി, അത്തരമൊരു സംഘടനയെയും അതിന്റെ നേതൃത്വത്തെയും ഉത്തരവാദിത്തത്തോടെയും ബഹുമാനത്തോടെയും മാത്രമേ സമീപിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ സംബന്ധിച്ച വിഷയവും രാജീവ് ചന്ദ്രശേഖർ പരാമർശിച്ചു. ശബരിമലയിലെ താന്ത്രിക ചുമതല ആർക്ക് നൽകണമെന്നത് രാഷ്ട്രീയ വിഷയമല്ലെന്നും അക്കാര്യത്തിൽ ബിജെപിക്ക് അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ആരെങ്കിലും പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ നിലവിൽ കാണുന്ന സാഹചര്യം, ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി നിയമനടപടികൾ നേരിടുമ്പോൾ എല്ലാ ഭരണപരമായ തീരുമാനങ്ങളും കൈകാര്യം ചെയ്തിരുന്ന മന്ത്രിമാർ പുറത്താണെന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക