വിമർശനങ്ങൾ നേരിട്ട കിഫ്ബി വഴിയുണ്ടായ വികസന പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കിഫ്ബി മുഖേന പതിനായിരം കോടിയുടെ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ നേടിയതാണെന്നും, വളരെ കുറച്ച് രാജ്യങ്ങൾക്കേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള അതിദാരിദ്ര്യമുക്ത നിലയിലേക്ക് കേരളം എത്തിയതും ഇടതുപക്ഷ സർക്കാരിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കോൺഗ്രസും കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങളാണ് പിന്തുടരുന്നതെന്നും, സമ്പന്നരെ കൂടുതൽ സമ്പന്നരാക്കാനുള്ള മത്സരത്തിലാണ് അവർ എന്നുമാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്നാൽ എൽഡിഎഫ് സർക്കാർ സാധാരണ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞത് സർക്കാരിന്റെ ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം വിശദീകരിച്ചു.
പത്ത് വർഷം മുൻപത്തെ കേരളവും ഇന്നത്തെ പുരോഗതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ വിമർശനങ്ങൾ നേരിട്ട കിഫ്ബി വഴി ഏകദേശം ഒരു ലക്ഷം പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. അമ്പത് വർഷം കൊണ്ടു പൂർത്തിയാക്കേണ്ട വികസന പ്രവർത്തനങ്ങൾ വെറും പത്ത് വർഷത്തിനുള്ളിൽ സാധ്യമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
