പ്രചരിച്ച ദൃശ്യങ്ങൾ എഐ ആണോ എന്ന് സംശയിക്കുന്നു; കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ല: ശോഭ സുരേന്ദ്രൻ

വോട്ടിന് നോട്ട് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വീണ്ടും വിമർശിച്ച് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ലെന്നും ശോഭ പറഞ്ഞു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾ അതിവേഗം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് അവരുടെ പ്രതികരണം.

പാലക്കാട് താൻ ജയിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാതിരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും, ഒരു വിഭാഗം മാധ്യമപ്രവർത്തനം പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങൾക്കൊപ്പം നിൽക്കുന്നതായും അവർ ആരോപിച്ചു. തനിക്കെതിരെ സംഘടിതമായ മാധ്യമപ്രവർത്തന നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മീഡിയാ വണ്ണിലെ മാധ്യമപ്രവർത്തകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

തനിക്കെതിരെ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാർത്ഥ്യത്തെയും അവർ ചോദ്യം ചെയ്തു. അവ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന സംശയവും അവർ ഉയർത്തി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, ഇത് കെട്ടിച്ചമച്ച കഥയാണെന്നും അവർ ആരോപിച്ചു.

ഈ വിഷയത്തിൽ ചില രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന സൂചനയും ശോഭാ സുരേന്ദ്രൻ നൽകി. ആരോപണങ്ങൾക്കു പിന്നിലെ സത്യാവസ്ഥ പുറത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക