വനിതാ അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാകുന്നതിനിടെ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ.
ആരോപണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് കെ.കെ. ശൈലജ പറഞ്ഞു. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിലെത്തിയ ശേഷമേ പാർട്ടി നേതൃത്വത്തിന് കൂടുതൽ കാര്യങ്ങൾ അറിയാനാകൂവെന്നും അവർ വ്യക്തമാക്കി.
ചെറിയ കുറ്റകൃത്യങ്ങളിൽ പോലും കർശന നടപടി സ്വീകരിച്ച ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ശൈലജ, ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. ഇതുവരെ ഇത്തരം വിഷയങ്ങളിൽ പാർട്ടി ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
പരാതി പോലീസിന് കൈമാറേണ്ടതല്ലേയെന്ന ചോദ്യത്തിന്, പരാതിക്കാരി നിയമപരമായ നടപടികളിലേക്ക് പോകുമല്ലോയെന്നായിരുന്നു ശൈലജയുടെ മറുപടി. കാര്യങ്ങൾ വ്യക്തമായി അറിയാതെ അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
അതേസമയം, ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുന്ന സാഹചര്യത്തിലാണ് കെ.കെ. ശൈലജയുടെ പ്രതികരണം.
