ഫ്ലൈദുബായ് വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞിരുന്നു; പക്ഷേ അവസാന നിമിഷം തീരുമാനം മാറ്റി

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ കോക്ക്പിറ്റ് ആക്രമണം പശ്ചിമേഷ്യയിൽ വലിയ സുരക്ഷാ ആശങ്കകൾ ഉയർത്തിയ സംഭവമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട്. വിമാനം ടെൽ അവീവിലേക്ക് യാത്ര തുടർന്നിരുന്നെങ്കിൽ അത് വെടിവച്ചിടുന്നതടക്കമുള്ള നടപടികൾ ഇസ്രായേൽ പരിഗണിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് എഫ്‌സെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. യാത്രാമധ്യേ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചറിനെ ആക്രമിക്കുകയും കോക്ക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിന് പിന്നാലെ വിമാനം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ ഹൈജാക്ക് ശ്രമമാണോ എന്ന ആശങ്ക ഉയർന്നു. കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ഇസ്രായേൽ വ്യോമസേന ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് വിവരം. ഹൈജാക്ക് സ്ഥിരീകരിച്ച് ഹൈജാക്കർമാരിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ, വിഷയം പ്രതിരോധ മന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറുമായിരുന്നു. വിമാനം വെടിവച്ചു വീഴ്ത്താനുള്ള അന്തിമ അധികാരം പ്രധാനമന്ത്രിക്കായിരിക്കുമായിരുന്നു.

തുടർന്ന് ഇസ്രായേൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും യുദ്ധവിമാനങ്ങളെ സജ്ജമാക്കുകയും ചെയ്തു. എന്നാൽ വിമാനം ടെൽ അവീവിലേക്കല്ല, അടിയന്തര ലാൻഡിംഗിനായി സൗദി അറേബ്യയിലേക്കാണ് നീങ്ങുന്നതെന്ന് പിന്നീട് സ്ഥിരീകരിച്ചതോടെ കൂടുതൽ നടപടികൾ ഒഴിവാക്കി.

അതേസമയം, ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന് കോക്ക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാർ ആക്രമണകാരിയെ കീഴ്പ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ പിന്നീട് നിയന്ത്രണം ഏറ്റെടുത്ത് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് സുരക്ഷിതമായി തിരിച്ചുവിടുകയായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷാ നടപടികളുടെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക