കേരളം ഇന്ന് നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം അധികാരത്തിലെത്തി 100 ദിവസം മാത്രം പിന്നിട്ട യുഡിഎഫ് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുകയാണെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ഒരു പതിറ്റാണ്ട് നീണ്ട ഭരണപരാജയത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നതെന്നും ജനങ്ങളെ ഇരുട്ടിലാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടതുസർക്കാരിനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ടായതായി സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. പീക്ക് ടൈം വൈദ്യുതി ആവശ്യകത 3,800 മെഗാവാട്ടിൽ നിന്ന് 5,836 മെഗാവാട്ടായി ഉയർന്നു. ഏകദേശം 2,000 മെഗാവാട്ടിന്റെ അധിക ആവശ്യകത ഉണ്ടായിട്ടും ഇത് മുൻകൂട്ടിക്കണ്ട് പുതിയ വൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നതിൽ കഴിഞ്ഞ സർക്കാർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
കേന്ദ്ര സർക്കാരിന്റെ സോളാർ പദ്ധതികളും സ്വകാര്യ കമ്പനികളുടെ നിക്ഷേപങ്ങളും ജനങ്ങൾ സ്വന്തം ചെലവിൽ വീടുകളുടെ മേൽക്കൂരകളിൽ സ്ഥാപിച്ച സോളാർ സംവിധാനങ്ങളും മാറ്റിനിർത്തിയാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ കെഎസ്ഇബി നേരിട്ട് ഉത്പാദനശേഷിയിൽ കൂട്ടിച്ചേർത്തത് 204 മെഗാവാട്ട് മാത്രമാണെന്നും സന്ദീപ് വാര്യർ അവകാശപ്പെട്ടു. ഉത്പാദന മേഖലയിൽ കഴിഞ്ഞ പത്ത് വർഷം വലിയ മരവിപ്പാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി ഉത്പാദനം വർധിപ്പിക്കാത്തത് മാത്രമല്ല കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് ഭാവിയിൽ കുറഞ്ഞ നിരക്കിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനായി മുൻ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവെച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ (പിപിഎ) അനാവശ്യ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയതും നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
കുറഞ്ഞ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതി വേണ്ടെന്ന് വെച്ചതോടെ പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യത്തിലേക്ക് കെഎസ്ഇബിയെയും കേരളത്തെയും എത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പത്ത് വർഷക്കാലം വൈദ്യുതി ഉത്പാദന മേഖലയിൽ കാര്യമായ ഇടപെടൽ നടത്താതിരിക്കുകയും നിലവിലുണ്ടായിരുന്ന ലാഭകരമായ കരാറുകൾ റദ്ദാക്കുകയും ചെയ്തവർ ഇപ്പോൾ 100 ദിവസം മാത്രം പിന്നിട്ട സർക്കാരിനെ പഴിചാരുന്നത് അപഹാസ്യമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
നൂറ് ദിവസത്തിനുള്ളിൽ ഒരു സർക്കാരിനും പുതിയതായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാനോ വലിയ തോതിൽ പുതിയ വൈദ്യുതി പദ്ധതികൾ യാഥാർഥ്യമാക്കാനോ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പതിറ്റാണ്ടിന്റെ ഭരണപരാജയത്തിന്റെയും പിടിപ്പുകേടിന്റെയും ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ പ്രതിസന്ധിയും കടബാധ്യതകളും മറികടന്ന് കേരളത്തിന്റെ ഊർജമേഖലയെ വീണ്ടും കാര്യക്ഷമമാക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
