കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ‘രക്തരഹിതമായ വംശഹത്യ’യാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. രാജ്യത്ത് ആധുനിക സെൻസർഷിപ്പ് ശക്തമാകുകയാണെന്നും ജനങ്ങളെ ഭയത്തിന്റെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഹൈദരാബാദിലെ ലമാകാനിൽ പലസ്തീൻ എഴുത്തുകാരി ഇബ്തിസം അസീം എഴുതിയ ‘ദി ബുക്ക് ഓഫ് ഡിസപ്പിയറൻസ്’ എന്ന നോവലിന്റെ തെലുങ്ക് പരിഭാഷയുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. സാമ്പത്തിക വിദഗ്ധൻ പരകല പ്രഭാകറിന്റെ പരാമർശം ഉദ്ധരിച്ചുകൊണ്ടായിരുന്നു വോട്ടർപട്ടികയിൽനിന്ന് പേരുകൾ വ്യാപകമായി നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക.
‘ഒരു തുള്ളി രക്തം പോലും ചൊരിയാതെ വംശഹത്യ നടക്കുകയാണ്. ഏകദേശം 12 കോടി വോട്ടർമാരുടെ പേരുകൾ നിശബ്ദമായി പട്ടികയിൽനിന്ന് നീക്കം ചെയ്തു’ എന്നാണ് പ്രകാശ് രാജ് ആരോപിച്ചത്.
എസ്‌ഐആർ നടപടികൾ ഫെബ്രുവരി വരെ തുടരുമെന്നും അതിന് ശേഷം സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം വലിയൊരു പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളെ ദുർബലമാക്കുകയും ജനങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരുടെ ജാതിയും സമുദായവും തിരിച്ചറിയുകയും തുടർന്ന് ചില വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുകയും ചെയ്യാനുള്ള നീക്കമാണിതെന്നും പ്രകാശ് രാജ് ആരോപിച്ചു.
ആദിവാസികൾ, ദലിതർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ വിഭാഗങ്ങൾ ഇതിന്റെ ലക്ഷ്യമായി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടന നിലനിൽക്കുന്നതിനാൽ സൈന്യത്തിന് നേരിട്ട് അധികാരം ഏറ്റെടുക്കാൻ കഴിയില്ലെന്നും അതിന് പകരം രാജ്യത്തെ വിവിധ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രകാശ് രാജ് വിമർശിച്ചു.
സർക്കാർ ജനങ്ങൾക്കിടയിൽ ഗുരുതരമായ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലമായി എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും സ്വയം സെൻസർഷിപ്പ് പ്രയോഗിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സർട്ടിഫിക്കേഷൻ, നോട്ട് നിരോധനം, ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട നിലപാടുകൾക്കൊപ്പം ചലച്ചിത്ര മേഖലയിൽ താൻ നേരിട്ട സെൻസർഷിപ്പിന്റെ അനുഭവങ്ങളും പ്രകാശ് രാജ് ചടങ്ങിൽ പങ്കുവച്ചു. ജനാധിപത്യ സ്ഥാപനങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
