രാജ്യത്ത് സ്മാർട്ട്ഫോണുകൾക്ക് വിലക്കയറ്റം; ബജറ്റ് ഫോണുകൾക്ക് 6,000 രൂപ വരെ വർധന

രാജ്യത്ത് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളുടെ വില കുത്തനെ ഉയരുന്നു. സ്മാർട്ട്ഫോണുകളുടെ ശരാശരി വിപണി വിലയിൽ 8 മുതൽ 12 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 20,000 രൂപയ്ക്ക് താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളെയാണ് ഈ വിലക്കയറ്റം കൂടുതൽ ബാധിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ക്ലൗഡ് ഡാറ്റാ സെന്ററുകളുടെയും വ്യാപനത്തോടെ ആഗോളതലത്തിൽ റാം, മെമ്മറി ചിപ്പുകൾ എന്നിവയുടെ ആവശ്യകത ഗണ്യമായി ഉയർന്നിരിക്കുകയാണ്. കൂടുതൽ ലാഭം ലഭിക്കുന്ന എഐ സെർവറുകൾക്കായി ചിപ്പ് നിർമാതാക്കൾ ഉൽപ്പാദനം കേന്ദ്രീകരിച്ചതോടെ, സാധാരണ സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും ആവശ്യമായ മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികം വർധിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതിനുപുറമെ, ഇൻബിൽറ്റ് എഐ ഫീച്ചറുകൾ, കൂടുതൽ ശേഷിയുള്ള പ്രൊസസറുകൾ, നവീന സാങ്കേതികവിദ്യകൾ എന്നിവ പുതിയ ഗാഡ്‌ജെറ്റുകളിൽ ഉൾപ്പെടുത്തുന്നതോടെ നിർമാണച്ചെലവും ഏകദേശം 25 ശതമാനം വരെ ഉയർന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തകർച്ചയും അന്താരാഷ്ട്ര ചരക്ക് ഗതാഗത ചെലവിലെ വർധനയും ഇറക്കുമതി ചെയ്യുന്ന സ്മാർട്ട്ഫോൺ ഘടകങ്ങളുടെ വിലയും ഉയർത്തിയിട്ടുണ്ട്.

മുൻകാലങ്ങളിൽ നിർമാണച്ചെലവ് വർധിച്ചാലും ലാഭവിഹിതം കുറച്ച് വിപണി വില നിയന്ത്രിക്കാൻ കമ്പനികൾ ശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ബ്രാൻഡുകൾ ഉൾപ്പെടെ പല കമ്പനികളും നഷ്ടം നികത്തുന്നതിനായി സ്മാർട്ട്ഫോണുകളുടെ വില 1,000 രൂപ മുതൽ 6,000 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക