പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഉയരുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ആഴത്തിലുള്ള പ്രതിസന്ധിയിലാണെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കേണ്ടതിന് പകരം സർക്കാർ അടിച്ചമർത്തൽ നയമാണ് സ്വീകരിക്കുന്നതെന്നും അവർ ആരോപിച്ചു.
കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച ലേഖനത്തിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. “ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകർച്ച, യുവ ഇന്ത്യയുടെ ആഘാതം” എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ, പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചകൾക്കും എതിരെ വിദ്യാർത്ഥികൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ ഉത്തരവാദിത്തവും പരിഷ്കാരവും ആവശ്യപ്പെട്ടുള്ള ന്യായമായ ആവശ്യങ്ങളാണെന്ന് അവർ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളോട് സംവദിക്കുന്നതിന് പകരം സർക്കാർ ബലപ്രയോഗത്തിലൂടെ പ്രതിഷേധങ്ങളെ നേരിടുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. “സംവാദത്തിന് പകരം മോദി സർക്കാർ പതിവായി അക്രമമാണ് ഉപയോഗിക്കുന്നത്. കർഷകരിൽ നിന്ന് വിദ്യാർത്ഥികളിലേക്കും സാമൂഹിക പ്രവർത്തകരിലേക്കും ഈ സമീപനം വ്യക്തമാണ്,” എന്ന് അവർ പറഞ്ഞു.
ജൂലൈ 20-ന് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട്, പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നാണ് സോണിയയുടെ ആരോപണം. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും ഉൾപ്പെടെയുള്ള നടപടികൾ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണെന്നും അവർ വിമർശിച്ചു.
“ഇവർ രാജ്യത്തിന്റെ ഭാവിയായ യുവാക്കളാണ്. നമ്മുടെ പുത്രന്മാരും പുത്രിമാരുമാണ്. അവരുടെ ആശങ്കകൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്,” എന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയിലെ നിക്ഷേപക്കുറവും സ്വകാര്യവൽക്കരണ പ്രവണതകളും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കിയതായി അവർ ആരോപിച്ചു. കേന്ദ്രീകരണവും രാഷ്ട്രീയവൽക്കരണവും പരീക്ഷാ സംവിധാനത്തെ ദുർബലമാക്കിയെന്നും ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചകൾ വിദ്യാർത്ഥികളുടെ വിശ്വാസം തകർത്തുവെന്നും അവർ പറഞ്ഞു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനത്തെയും സോണിയ ഗാന്ധി വിമർശിച്ചു. പാർലമെന്ററി സമിതികൾ നിർദേശിച്ച പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ ആവശ്യമായ ഗൗരവം കാണിച്ചില്ലെന്നും അവർ ആരോപിച്ചു.
തൊഴിലില്ലായ്മ, കടുത്ത മത്സരം, പരിമിതമായ അവസരങ്ങൾ എന്നിവയാൽ യുവതലമുറ നേരിടുന്ന സമ്മർദ്ദം വർധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾ ഗൗരവമായി കാണണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
“ഇന്ത്യയിലെ വിദ്യാർത്ഥികൾ ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടിയിരിക്കുകയാണ്. അവരുടെ ഭാവി സംരക്ഷിക്കുകയും അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുന്നത് നമ്മുടെ ധാർമ്മികവും രാഷ്ട്രീയവും ഭരണഘടനാപരവുമായ കടമയാണ്,” എന്ന് സോണിയ ഗാന്ധി ലേഖനത്തിൽ വ്യക്തമാക്കി.
