ജന്തർമന്തറിൽ നടക്കുന്ന സിജെപി നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും ഡൽഹി സർവകലാശാല വിലക്കി. പ്രതിഷേധത്തിൽ പങ്കാളികളാകുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകി.
വിദ്യാർഥികളുടെ സുരക്ഷയും അക്കാദമിക് പ്രവർത്തനങ്ങളുടെ തടസമില്ലാത്ത പുരോഗതിയും മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നാണ് സർവകലാശാലയുടെ വിശദീകരണം. സമരത്തിന്റെ ഭാഗമായതായി കണ്ടെത്തിയാൽ അത് വിദ്യാർഥികളുടെ പഠനകാര്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിലക്കുണ്ട്. നിയമവിരുദ്ധ കൂട്ടായ്മകളിലും അനുമതിയില്ലാത്ത പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്ന സൂചനയും സർക്കുലറിൽ നൽകിയിട്ടുണ്ട്.
അതേസമയം, ജന്തർമന്തറിലെ യുവജന-വിദ്യാർഥി പ്രതിഷേധം ശക്തമായി തുടരുകയാണ്. സമരത്തെ തുടർന്ന് സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ചില മെട്രോ സ്റ്റേഷനുകളും വിമാനത്താവള സേവനങ്ങളും ബാധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ് നിയന്ത്രണങ്ങളും തുടരുന്നതോടെ ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾക്കും തടസം നേരിടുകയാണ്.
