തമിഴ്നാട് ബി.ജെ.പി. അധ്യക്ഷ സ്ഥാനം രാജിവെച്ച് കെ. അണ്ണാമലൈ രൂപീകരിച്ച പുതിയ രാഷ്ട്രീയ കൂട്ടായ്മയായ ‘വി ദ ലീഡേഴ്സ്’ തമിഴക രാഷ്ട്രീയത്തിൽ വലിയ ജനശ്രദ്ധയാകർഷിക്കുന്നു. പ്രസ്ഥാനം ഔദ്യോഗികമായി ആരംഭിച്ച് വെറും എട്ട് മണിക്കൂറിനുള്ളിൽ തന്നെ എട്ടു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരാണ് ഇതിൽ രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 8,68,676 പേർ ഇതിനകം തന്നെ ഈ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബി.ജെ.പി. കേന്ദ്ര നേതൃത്വവുമായുള്ള കടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് അണ്ണാമലൈ പാർട്ടി വിട്ടത്. പിന്നാലെ സാധാരണക്കാരന്റെ ശബ്ദമാകുന്ന രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് തുടക്കം കുറിക്കുകയായിരുന്നു.
അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ തമിഴ്നാട്ടിലെ നിരവധി ബി.ജെ.പി. നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് അദ്ദേഹത്തിനൊപ്പം ചേർന്നിട്ടുണ്ട്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പുതിയ പ്രസ്ഥാനം ജനവിധി തേടുമെന്ന് അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എ.പി.ജെ. അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്’ ഈ പുതിയ കൂട്ടായ്മയ്ക്ക് കീഴിലായിരിക്കും ഇനി പ്രവർത്തിക്കുക. നിലവിൽ ഒരു ജനകീയ സംഘടനയായി പ്രവർത്തനം ആരംഭിക്കുന്ന ഈ കൂട്ടായ്മ, വൈകാതെ തന്നെ പൂർണ്ണമായ രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെടാനാണ് സാധ്യത.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാനത്ത് തങ്ങളുടെ കരുത്ത് തെളിയിക്കാനാണ് അണ്ണാമലൈയും സംഘവും ഇപ്പോൾ ലക്ഷ്യമിടുന്നത്. തമിഴ് സൂപ്പർതാരം രജനികാന്തിന്റെ പൂർണ്ണമായ ആശീർവാദത്തോടെയാണ് താൻ ഈ പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിച്ചതെന്നും അണ്ണാമലൈ വെളിപ്പെടുത്തി
