ന്യൂനപക്ഷ വർഗീയതയും സ്ട്രാറ്റജിക് വോട്ടിങ്ങും തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി: കെ.കെ. രാഗേഷ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ന്യൂനപക്ഷ വർഗീയത ശക്തമായി പ്രകടമായ ഒരു തിരഞ്ഞെടുപ്പായിരുന്നുവെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സ്ട്രാറ്റജിക് വോട്ടിങ് നടന്നതായും, ഇതിന് കോൺഗ്രസും ബിജെപിയും പരോക്ഷമായി സഹകരിച്ചതായും അദ്ദേഹം പറഞ്ഞു.

കല്യാശ്ശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ സമ്മേളനത്തിലാണ് കെ.കെ. രാഗേഷ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ലീഗും ജമാഅത്തും മതപരമായ അടിസ്ഥാനത്തിൽ വോട്ട് നിർദ്ദേശങ്ങൾ നൽകിയതായും, പള്ളി കേന്ദ്രീകരിച്ചുള്ള പ്രചാരണം നടന്നതായും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷം ശക്തമായിരിക്കുന്ന മണ്ഡലങ്ങളിൽ അതിനെ തോൽപ്പിക്കാൻ വോട്ട് മാറ്റിയിട്ടുണ്ടെന്നും, യു.ഡി.എഫ് തോൽവിയിലേക്ക് പോകുന്നിടങ്ങളിൽ അത് തടയാൻ വോട്ട് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ പേരാവൂരിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചിരുന്ന വോട്ടുകൾ ഈ തെരഞ്ഞെടുപ്പിൽ കാണാനില്ലായിരുന്നുവെന്നും, അത് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

“താമരത്താങ്ങ്” എന്ന രീതിയിൽ വോട്ടുകൾ കൈമാറിയതിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും, പേരാവൂരും പയ്യന്നൂരും ഇത്തരം മാറ്റങ്ങളുടെ ഉദാഹരണങ്ങളാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക