പി.എം. ശ്രീ പദ്ധതിയിൽ കേരളം കേന്ദ്ര ഫണ്ട് കൈപ്പറ്റിയെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചയായ നുണയാണെന്നും കേരളത്തിൽ ഈ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ലെന്നും, അതുകൊണ്ടുതന്നെ ഒരു നയാപൈസ പോലും ഇതിനായി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് കൃത്യമായ മൂന്ന് ഘട്ടങ്ങളുണ്ടെന്ന് വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ആദ്യ ഘട്ടങ്ങൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ പട്ടിക (കേരളത്തെ സംബന്ധിച്ച് പരമാവധി 265 എണ്ണം) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചുകൊടുക്കേണ്ടതുണ്ട്. ഇത് കേന്ദ്രം പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ ഫണ്ടിനായുള്ള പ്ലാൻ പ്രൊപ്പോസൽ സമർപ്പിക്കാൻ പോലും സാധിക്കൂ.
കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പി.എം. ശ്രീ ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിതമായത്. പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ സമഗ്ര ശിക്ഷാ കേരളത്തിന് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം.
ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നിർദ്ദേശങ്ങൾ ഉണ്ടായതായി മുൻ മന്ത്രി ആരോപിച്ചു. ബി.ജെ.പി. സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വ്യക്തമായതോടെയാണ് സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിച്ചതെന്നും വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
