രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തിയത് രാഹുൽ ഗാന്ധി ആണെന്ന് ആരോപിച്ച ഡിഎംകെ, അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെ ഔദ്യോഗിക മുഖപത്രമായ മുരശൊലിയുടെ എഡിറ്റോറിയലിലൂടെയും പാർട്ടിയുടെ ഐടി വിഭാഗത്തിലൂടെയും വിമർശനം ഉന്നയിച്ചു.

രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട സമയങ്ങളിൽ കോൺഗ്രസിന് പിന്തുണ നൽകിയിരുന്നുവെങ്കിലും സാഹചര്യങ്ങൾ മാറിയപ്പോൾ പാർട്ടി സഖ്യകക്ഷികളെ അവഗണിച്ചുവെന്നാണ് ഡിഎംകെ ഐടി വിഭാഗത്തിന്റെ ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റിൽ രാഹുൽ ഗാന്ധിയെ “ഒരു വലിയ തമാശ” എന്നാണ് വിശേഷിപ്പിച്ചത്.

പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ വിശ്വാസ്യതയില്ലാത്തതാണെന്ന് മുരസോളി എഡിറ്റോറിയലിൽ വിമർശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സഖ്യങ്ങളിൽ ഭിന്നതകൾ സൃഷ്ടിച്ച വ്യക്തി ഇപ്പോൾ ഐക്യത്തെക്കുറിച്ച് സംസാരിക്കുകയാണെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾക്കെതിരായ രാഹുലിന്റെ വിമർശനങ്ങൾ പരാമർശിച്ചുകൊണ്ട്, കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെയാണു ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും എഡിറ്റോറിയലിൽ പരാമർശിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യത്തിന്റെ പിന്തുണയിൽ വിജയിച്ച ചില കോൺഗ്രസ് എംഎൽഎമാർ പിന്നീട് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതിയോടെ മറ്റ് രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്തുണ നൽകിയതായി ഡിഎംകെ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ വിശ്വസനീയമല്ലെന്നും എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ സഖ്യത്തിനുള്ളിലെ നിലവിലെ അഭിപ്രായവ്യത്യാസങ്ങൾക്ക് പ്രധാന കാരണം കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനമാണെന്നും ഡിഎംകെ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയും വ്യക്തമായ തന്ത്രങ്ങളുടെ അഭാവവും സഖ്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

അതേസമയം, ഡിഎംകെയുടെ ആരോപണങ്ങൾ കോൺഗ്രസ് വൃത്തങ്ങൾ തള്ളി. തമിഴ്നാട്ടിലെ ജനങ്ങളുടെ വിധിയെ മാനിച്ചുകൊണ്ടാണ് എല്ലാ രാഷ്ട്രീയ തീരുമാനങ്ങളും എടുത്തതെന്നും ഡിഎംകെയെയോ ഇന്ത്യ സഖ്യത്തെയോ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു നടപടിയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക