നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം -ന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെ രാജ്യത്ത് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം നിയന്ത്രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ടെലിഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെ ലഭ്യമാകില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും വിവര കൈമാറ്റവും തടയുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് കേന്ദ്രത്തിന്റെ തീരുമാനം. ജൂൺ 21-നാണ് എൻ ടി എ നീറ്റ് യുജി പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എൻടിഎ സ്വാഗതം ചെയ്തു. Ministry of Electronics and Information Technology നൽകിയ നിർദേശപ്രകാരം പ്ലാറ്റ്ഫോമിന്റെ ചില സേവനങ്ങൾ നിയന്ത്രിക്കുകയാണെന്ന് എൻടിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ജൂൺ 30 വരെ ഇന്ത്യയിൽ ടെലിഗ്രാമിൽ മെസേജ് എഡിറ്റിങ് സൗകര്യം ലഭ്യമാക്കരുതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമിനോട് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിവരങ്ങളുടെ ദുരുപയോഗം തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
നീറ്റ് പുനഃപരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്കിടയിൽ പരീക്ഷാ തീയതി നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
