ബി.ജെ.പി – കോൺഗ്രസ് വോട്ട് കച്ചവടം: 30 മണ്ഡലങ്ങളിൽ ഡീൽ നടന്നു: എം.വി. ഗോവിന്ദൻ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ പരസ്യമായി യു.ഡി.എഫിന് മറിച്ചുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ചില മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ കോൺഗ്രസ് തിരിച്ചും സഹായിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിർബന്ധിച്ചതിനാലാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയനെ വ്യക്തിപരമായി വിമർശിച്ചതെന്ന് രാഹുൽ ഗാന്ധി തന്നെ ‘ഇന്ത്യ’ (INDIA) മുന്നണി യോഗത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദൻ വെളിപ്പെടുത്തി. രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലർ അനുകൂല നിലപാടും, വി.ഡി. സതീശന്റെ ആർ.എസ്.എസ് ചടങ്ങുകളിലെ പങ്കാളിത്തവും, മംഗലാപുരം യാത്രയും ഇതിന് തെളിവാണ്.

പ്രതിപക്ഷ നേതാവായി സതീശൻ അധികാരമേറ്റതിന് പിന്നാലെയുണ്ടായ വന്ദേമാതരം വിവാദം, പി.എം ശ്രീ പദ്ധതിയിലെ ദുരൂഹതകൾ, എം.ജി സർവ്വകലാശാലയിലെ കാവിവത്കരണ ശ്രമങ്ങൾ എന്നിവയെല്ലാം ബി.ജെ.പി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരളത്തിലെ എല്ലാ കീഴ്ഘടകങ്ങളിലും വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സംസ്ഥാന കമ്മിറ്റി യോഗം ഉടൻ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ നേരിട്ടത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണെന്നും, ജനവികാരം മുൻകൂട്ടി തിരിച്ചറിയുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും അദ്ദേഹം സ്വയംവിമർശനപരമായി സമ്മതിച്ചു. വലതുപക്ഷ ചിന്താഗതികൾ ലോകമെമ്പാടും പടരുന്നതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായിട്ടുണ്ട്.

ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് പൊതുവെ ജനസ്വീകാര്യത ലഭിച്ചെങ്കിലും, കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വിലയിരുത്തി.

മറുപടി രേഖപ്പെടുത്തുക