ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് രൂപപ്പെട്ട ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും നിരപരാധികളായ കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന ക്രൂര നടപടികളാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
അമേരിക്കയുടെ ഏകപക്ഷീയ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ചു നിലകൊള്ളേണ്ട സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം രൂക്ഷമായതോടെ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ലോക കേരളസഭ അംഗങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അമേരിക്കയുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും കേരളത്തിൽ മൂന്ന് വലിയ ബഹുജന റാലികൾ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. മാർച്ച് 6-ന് കോഴിക്കോട്, 7-ന് കൊച്ചി, 8-ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികൾ നടക്കുക. യുദ്ധവിരുദ്ധ നിലപാടിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് വലിയൊരു ജനകീയ മുന്നേറ്റം സൃഷ്ടിക്കുകയാണ് ഈ പരിപാടികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
