2024ലെ വെടിനിർത്തൽ കരാറിനുശേഷം സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിലേക്ക് കൂടുതൽ ആഴത്തിൽ നീങ്ങി നിരവധി പ്രദേശങ്ങൾ കൈവശപ്പെടുത്തിയതായി റിപ്പോർട്ടുകൾ. മേഖലയിലുടനീളം ഇസ്രായേലിന്റെ സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുന്നേറ്റം. വാരാന്ത്യത്തിൽ യുഎസ്–ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടെന്ന സംഭവത്തിന് പ്രതികാരമായി ഹിസ്ബുള്ള ലെബനനിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചയ്ക്ക് മുമ്പ് തെക്കൻ ലെബനനിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചു. അതിന് മുൻപ് അതിർത്തിയോട് ചേർന്ന 80ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. അടുത്തിടെ നടന്ന ഏറ്റുമുട്ടലുകളിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനായിരക്കണക്കിന് സാധാരണക്കാർ തെക്കൻ അതിർത്തി മേഖലകളിൽ നിന്ന് പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.
അതിർത്തിക്കപ്പുറത്തേക്കുള്ള പോരാട്ടം രൂക്ഷമായതോടെ ഇസ്രായേലുമായി തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതുവരെ ലെബനനിൽ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ആയുധശേഖരം പിൻവലിക്കാതെ നടപടി അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് അറിയിച്ചു.
അതേസമയം, “ഇറാനെ മാത്രം ലക്ഷ്യമിടുന്നതല്ല, ഹിസ്ബുള്ളയ്ക്കും നിർണായക പ്രഹരം നൽകിയാണ് ഈ കാമ്പെയ്ൻ അവസാനിപ്പിക്കുക” എന്ന് ഇസ്രായേൽ സൈനിക മേധാവി വ്യക്തമാക്കി. ലെബനനിൽ നിന്നുള്ള ഭീഷണി പൂർണ്ണമായും ഇല്ലാതാകുന്നതുവരെ നടപടി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.ഹമാസുമായുള്ള മാസങ്ങളായുള്ള ഏറ്റുമുട്ടലുകൾക്കിടെ ഗാസയിൽ ഉപരോധവും കരസേനാ നടപടികളും തുടരുന്നതിനിടെയാണ് ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കിയിരിക്കുന്നത്.
