നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ അസം കോൺഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി. മൂന്ന് കോൺഗ്രസ് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നപ്പോൾ രണ്ട് പേർ റൈജോർ ദളിലേക്കും ചേക്കേറി.
ശശികാന്ത ദാസ്, ബസന്ത ദാസ്, കമലാക്ഷ ദേവ് പുർകയസ്ത എന്നിവരെ ഗുവാഹത്തിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അതേസമയം അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി എന്നിവരാണ് റൈജോർ ദളിൽ ചേർന്ന മറ്റ് പ്രമുഖ നേതാക്കൾ.
സ്ഥാനാർത്ഥി നിർണ്ണയം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ കൂട്ടക്കൊഴിഞ്ഞുപോക്ക് നടന്നത്. ഇത് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എഐസിസി പുറത്തിറക്കിയ 42 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ പിസിസി പ്രസിഡന്റ് ഗൗരവ് ഗൊഗോയ്, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്.
യുവനേതാക്കൾക്കും വനിതാ നേതാക്കൾക്കും പട്ടികയിൽ പ്രാധാന്യം നൽകിയിട്ടുണ്ടെങ്കിലും എംഎൽഎമാരുടെ പടിയിറക്കം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പ്രതികൂലമായി ബാധിക്കാമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിൽ നിലനിൽക്കുന്നു.
കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികൾ മാർച്ച് പകുതിയോടെ പ്രഖ്യാപിക്കാനിരിക്കെയാണ് അസം കോൺഗ്രസിലെ ഈ രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധ നേടുന്നത്.
