ജനങ്ങൾ തീരുമാനിച്ചാൽ തൃക്കാക്കരയിലെ യുഡിഎഫ് കോട്ട തകരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ പറഞ്ഞു. തൃക്കാക്കര തനിക്കൊപ്പം നിൽക്കും എന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കൊട്ടാരക്കരയിൽ മത്സരിക്കാനായിരുന്നു തന്റെ ആദ്യം ആഗ്രഹമെന്ന് പറഞ്ഞ അഖിൽ, ആർ. രശ്മി രംഗത്തെത്തിയതോടെ ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും വ്യക്തമാക്കി. “അവർക്കു ആഗ്രഹമുണ്ടെങ്കിൽ ഞാൻ കൊട്ടാരക്കരയിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചു. അതിനാൽ മറ്റെവിടെയായാലും മത്സരിക്കാൻ തയ്യാറായി,” എന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഇപ്പോൾ തന്റെ സ്വന്തം നാടാണെന്നും, ഇവിടെ സ്വന്തമായി വീട് ഉണ്ടെന്നും അഖിൽ പറഞ്ഞു. “കൊട്ടാരക്കരയിൽ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോൾ എന്നെ ചേർത്തുപിടിച്ച നാടാണ് ഇത്. ഇനി കഴിയുന്നതെല്ലാം ഈ നാടിനുവേണ്ടി ചെയ്യുകയാണ് എന്റെ ലക്ഷ്യം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഗ്ദാനങ്ങൾ നൽകുന്നതിൽ താൽപര്യമില്ലെന്നും, സാധാരണക്കാരന്റെ ശബ്ദം നിയമസഭയിലും അധികാരികളുടെ മുന്നിലും എത്തിക്കാനാണ് ശ്രമമെന്നും അഖിൽ വ്യക്തമാക്കി.
