സാദിഖലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ലൈംഗികാരോപണം; കേസെടുത്ത് സൈബർ പൊലീസ്

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലീഗ് നേതൃത്വത്തിന്റെ പരാതിയെ തുടർന്ന് മലപ്പുറം സൈബർ പൊലീസാണ് നടപടി സ്വീകരിച്ചത്.

അജ്ഞാത ഫേസ്ബുക്ക് അക്കൗണ്ടിലൂടെ, തങ്ങൾ തന്റെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്ന വ്യാജ ലൈംഗികാരോപണമാണ് പ്രചരിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം ഉണ്ടായത്.

സംഭവത്തെ തുടർന്ന് വ്യാജ ഐഡിയെതിരെ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ സൃഷ്ടിച്ച അക്കൗണ്ടാണിതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ആരോപണം ഉന്നയിച്ചയാൾ പോസ്റ്റ് നീക്കം ചെയ്യുകയും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തെറ്റായ തെളിവ് സൃഷ്ടിക്കൽ, ജീവനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കൽ, ഡിജിറ്റൽ ഐഡന്റിറ്റി ദുരുപയോഗം, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 192, 336(1), 120(ബി), ഐടി ആക്റ്റ് 66(സി) എന്നിവയ്‌ക്കൊപ്പം കേരള പൊലീസ് ആക്ടിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തി.

ഐപി അഡ്രസ് അടക്കമുള്ള സാങ്കേതിക വിവരങ്ങൾ ശേഖരിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സൈബർ വിദഗ്ധരുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് പൊലീസിന്റെ നിലപാട്.

മറുപടി രേഖപ്പെടുത്തുക