പാർട്ടി തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതല്ല തന്റെ നിലപാട്, പാർട്ടിയുടെ കീഴ്വഴക്കം അംഗീകരിച്ച് വിധേയനായി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനാണ് താനെന്ന് കെ. സുധാകരൻ. സ്ഥാനാർഥികളെ നിർണയിക്കുന്നത് എ.ഐ.സി.സി. ആണെന്നും, അവരുടെ തീരുമാനത്തെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെയാണ് യാതൊരു മനഃപ്രയാസവും കൂടാതെ ആ തീരുമാനം താൻ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർഥി നിർണയത്തിൽ തന്റെ അഭിപ്രായം ചോദിക്കേണ്ട നിർബന്ധമില്ലെന്നും, പാർട്ടി എടുത്ത തീരുമാനം താൻ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് അറിയിച്ചിരുന്നുവെങ്കിലും അഖിലേന്ത്യാ നേതൃത്വത്തിന് അത് അംഗീകരിക്കാൻ സാധിച്ചില്ല; അതിനാൽ ഭൂരിപക്ഷ തീരുമാനം നടപ്പായതായും അദ്ദേഹം പറഞ്ഞു. അതിനെ ചോദ്യം ചെയ്യാൻ തനിക്ക് കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ വളർത്തിയ നേതാക്കൾ ഈ വിഷയത്തിൽ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുകയും നേതൃത്വവുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെങ്കിലും, ആ കാര്യങ്ങൾ നേതൃത്വം പങ്കുവെച്ചില്ലെന്നത് ഒരു പോരായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഷയത്തെ സമാധാനപരമായി കൈകാര്യം ചെയ്യാനും അതിന് യുക്തമായ മറുപടി നൽകാനും കഴിയുന്ന മനോഭാവം തനിക്കുണ്ടെന്നതും കെ. സുധാകരൻ കൂട്ടിച്ചേർത്തു .
