ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ സൈനികമായി പങ്കാളിയാകാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സംഘർഷം ആരംഭിച്ച് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ, യുഎഇക്കെതിരെ 2,500ഓളം ഇറാനിയൻ മിസൈലുകളും ഡ്രോണുകളും ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ആക്രമണങ്ങൾ യുഎഇ നേരിട്ടതായി വിലയിരുത്തുന്നു.
പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞ നിലയിലായതോടെ രാജ്യത്തിന്റെ എണ്ണ ഉൽപാദനം പകുതിയിലധികം കുറഞ്ഞു. കൂടാതെ ദുബായ്, അബുദാബി ഓഹരി വിപണികൾക്ക് ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
എണ്ണ വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിലാക്കാൻ യുഎസിനെ സൈനികമായി സഹായിക്കാൻ യുഎഇ സന്നദ്ധമാണെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി സൈനിക സഖ്യം രൂപീകരിക്കാൻ യുഎഇ നയതന്ത്രതലത്തിൽ ശ്രമം തുടരുന്നതായും അറിയുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ ബലപ്രയോഗത്തിന് അനുമതി നൽകുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിനായി യുഎഇ ലോബിയിംഗ് നടത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൈൻ നീക്കം ചെയ്യൽ ഉൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങളിൽ സൈനികമായി പങ്കാളിയാകാനുള്ള സാധ്യതകളും അബുദാബി പരിശോധിച്ചുവരികയാണെന്നാണ് വിവരം.
ഇറാന്റെ നിയന്ത്രണത്തിലുള്ളതായിരുന്നെങ്കിലും യുഎഇ അവകാശപ്പെടുന്ന അബു മൂസ പോലുള്ള ദ്വീപുകൾ യുഎസ് കൈവശപ്പെടുത്തണമെന്നും യുഎഇ ആഗ്രഹിക്കുന്നതായി അറബ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
