യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തി; 90 സീറ്റിനു മുകളിൽ നേടി എൽഡിഎഫ് അധികാരത്തിൽ വരും: എം.വി. ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ 90-ൽ കൂടുതൽ സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഫലം വരുന്നതിന് മുമ്പേ മന്ത്രിസഭാ രൂപീകരണത്തിനൊരുങ്ങിയെങ്കിലും, അന്തിമ ഫലത്തിൽ സിപിഐഎം 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എസ്ഐആറിന് ശേഷം 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയതെന്നും 71 മണ്ഡലങ്ങളിൽ 2021നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. അസാധാരണമായി വോട്ട് ശതമാനം ഉയർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫും ബിജെപിയും പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചാരണം നടത്തിയതായി ആരോപിച്ച അദ്ദേഹം, എൽഡിഎഫ് പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് ഫലം കാണുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാർ തുടരണം എന്ന നിലപാടാണ് ജനങ്ങളിൽ നിലനിൽക്കുന്നതെന്നും പിണറായി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടില്ലെന്നും എസ്ഐആർ കാരണം എന്തായാലും വോട്ട് ചെയ്യണമെന്ന ഉത്സാഹം ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ വോട്ടുകൾ മുഴുവൻ യുഡിഎഫിനാണ് ലഭിച്ചതെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക