തൊഴിൽ സമരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് എംഎ ബേബി

സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരങ്ങളെ കുറിച്ച് പ്രധാനമന്ത്രി ക്ക് കത്തയച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്. നോയിഡ സന്ദർശനത്തിന് പിന്നാലെയാണ് ഈ നടപടി. കഠിനമായ തൊഴിൽ സാഹചര്യം, കുറഞ്ഞ വേതനം, ജോലിസ്ഥലങ്ങളിലെ സുരക്ഷാ കുറവ് എന്നിവ കാരണം തൊഴിലാളികളിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണെന്ന് എം. എ. ബേബി ചൂണ്ടിക്കാട്ടി.

പാചകവാതക ലഭ്യതയിലെ ബുദ്ധിമുട്ടുകളും വിലക്കയറ്റവും തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഈ ദുരവസ്ഥകളാണ് വിവിധ സമരങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയും യുപിയും ഉൾപ്പെടുന്ന മേഖലകളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം 11,000 മുതൽ 18,000 രൂപ വരെയാണെന്നും, ഇത് ജീവിതച്ചിലവുകൾക്കു മതിയാകുന്നതല്ലെന്നും കത്തിൽ പറയുന്നു. ഡെൽഹി NCR മേഖലയിൽ കുറഞ്ഞത് 26,000 രൂപയെങ്കിലും വേതനം നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരങ്ങളിൽ പങ്കെടുക്കുന്ന തൊഴിലാളികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും വ്യാജ കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണം. അറസ്റ്റിലായ നിരപരാധികളായ തൊഴിലാളികളെ ഉടൻ വിട്ടയയ്ക്കണമെന്നും എം. എ. ബേബി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുന്ന പുതിയ ലേബർ കോഡുകളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ഈ ലേബർ കോഡുകൾ പിൻവലിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക