ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; കേരളത്തിൽ ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ശസ്ത്രക്രിയകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കൽ നിർബന്ധമാക്കി. കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി വ്യക്തമായി അടയാളപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെ പേരും എണ്ണവും വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ച് ചെക്ക്‌ലിസ്റ്റ് ബന്ധപ്പെട്ട അധികാരിക്ക് കൈമാറണമെന്നും മാർഗരേഖയിൽ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐ.പി നമ്പർ, കേസ് രേഖകൾ എന്നിവ പരിശോധിച്ച് ഉറപ്പാക്കണം. വാർഡ് ഡോക്ടറും നഴ്‌സ് ഇൻചാർജും പ്രീ-ഓപ്പറേറ്റീവ് ചെക്ക്‌ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടേണ്ടതുണ്ട്. തുടർന്ന്, തിയേറ്റർ ചുമതലയുള്ള നഴ്‌സിംഗ് ഓഫീസർ രേഖകൾ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമേ രോഗിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ.

ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

മറുപടി രേഖപ്പെടുത്തുക