സംസ്ഥാനത്ത് പാമ്പുകടി കേസുകൾ ഉയരുന്നു; മരണങ്ങൾ കുറയ്ക്കലാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ ആശങ്കയുണർത്തുന്ന രീതിയിൽ തുടരുന്നു. കോഴിക്കോട് കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെ ഒരു സ്ത്രീയ്ക്ക് നേരെയുണ്ടായ അപകടത്തിൽ അവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതോടൊപ്പം തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ പരിശീലനത്തിനിടെ പാമ്പ് പ്രത്യക്ഷപ്പെട്ടതും പരിഭ്രാന്തിക്ക് കാരണമായി.

കോഴിക്കോട് കാരശേരി പഞ്ചായത്തിലെ ഒരു വീട്ടിൽ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ സ്ത്രീയുടെ കയ്യിൽ എന്തോ സ്പർശിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പാമ്പാണെന്ന് മനസ്സിലായി. ഉടൻ വനംവകുപ്പിന്റെ സഹായത്തോടെ സ്നേക്ക് റെസ്‌ക്യു സംഘം എത്തി പാമ്പിനെ പിടികൂടി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിൽ പരിശീലനത്തിനിടെ ‘ചേര’യെ കണ്ടെത്തിയതിനെ തുടർന്ന് കോളേജ് പരിസരത്ത് വ്യാപക പരിശോധനയും നടത്തി.

ഇതിനിടെ, പാമ്പുകടി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മരണങ്ങൾ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആവശ്യത്തിന് ആന്റിവെനം സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും അവർ ഡൽഹിയിൽ അറിയിച്ചു.

ഇന്നലെ മാത്രം 21 പാമ്പുകടി കേസുകളാണ് 108 ആംബുലൻസ് സേവനത്തിലൂടെ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, പാമ്പുകടിയെന്ന് സംശയിക്കുന്ന 8 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇടുക്കിയിൽ രണ്ട് പേർക്ക് പാമ്പുകടി ഏൽക്കുകയും അവർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. കുഞ്ചിത്തണ്ണി സ്വദേശിയായ 14 കാരൻ അജയ്, രാജകുമാരി സ്വദേശിയായ പോൾസൺ എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചതായാണ് സംശയം.

അതേസമയം, കൂത്താട്ടുകുളത്ത് ഒരു പ്ലസ് ടു വിദ്യാർത്ഥിനി മൂർഖൻ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതും ശ്രദ്ധേയമായി. വീട്ടിലെ കിടപ്പുമുറിയിലേക്ക് എത്തിയ പാമ്പിനെ കണ്ട വിദ്യാർത്ഥിനി കട്ടിലിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വനംവകുപ്പ് സംഘം എത്തി പാമ്പിനെ പിടികൂടി.

മറുപടി രേഖപ്പെടുത്തുക